എന്‍റെ സുഖനിദ്ര കെടുത്താനായി അലാറത്തിന്‍റെ മണിമുഴക്കം. സമയം രാവിലെ അഞ്ചു മണി. എന്‍റെ ഉറക്കത്തിന്‍റെ സമയം കഴിഞ്ഞു. പാതി മയക്കത്തില്‍ ഞാന്‍ അടുക്കളയിലേക്ക്. അപ്പോഴും ഭര്‍ത്താവിന്‍റെ കൂര്‍ക്കംവലി കേള്‍ക്കാം. ഇവിടെ എന്‍റെ ദിവസത്തിന്‍റെ തുടക്കമായി . ജോലികളില്‍ മുഴുകുന്നതിനിടെ പിന്നില്‍ നിന്നൊരു പതിവ് ചോദ്യം . "ചായ എടുത്തില്ലേ ഇതുവരെ .....?" ചായ കൈയ്യില്‍ കൊടുത്തപ്പോള്‍ ചൂട് പോരാ .... ഇതെല്ലാം എന്നും ആവര്‍ത്തിക്കുന്ന കാര്യങ്ങള്‍ ആയതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
"ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല" കൈകള്‍ കൂട്ടിപ്പിടിച്ച് മുകളിലേക്കുയര്‍ത്തി കോട്ടുവായിട്ട് അദ്ദേഹം മൊഴിഞ്ഞു . ഉള്ളില്‍ നിറഞ്ഞ ചിരി ഞാന്‍ പക്ഷെ പുറത്ത് കാട്ടിയില്ല . ഇന്നലെ രാത്രി അടുക്കള അടച്ച് പകല്‍ ഉണ്ടായ കാര്യങ്ങള്‍ പറയാനായി ഞാന്‍ ചെന്നപ്പോള്‍ കൂര്‍ക്കം വലിച്ച് ഉറങ്ങിയിരുന്ന ആള്‍ തന്നെ അല്ലെ ഇത് പറയുന്നത്? അടുത്ത ഡയലോഗ് ഉടനെ എത്തി "നാളെ മുതല്‍ ഞാനും അതിരാവിലെ എഴുന്നേറ്റ് നിന്നെ സഹായിക്കാം". നീണ്ടു നീണ്ടു പോകുന്ന നാളെകളെ ഞാന്‍ ഇതിനകം എത്രയോ കണ്ടു കഴിഞ്ഞു!!
ചിരിക്കാനും ചിന്തിക്കാനും സമയമില്ല . എട്ടു മണി ആകുമ്പോഴേക്കും ബ്രേക്ഫാസ്റ്റും ലഞ്ചും റെഡിയാകണം. കുട്ടികള്‍ ഇപ്പോഴും മൂടിപ്പുതച്ച് കിടപ്പാണ് . ഒളിമ്പിക്സിലെ ഓട്ടക്കാരനെപ്പോലെ ക്ലോക്കിലെ സൂചികള്‍ പരസ്പരം മത്സരിക്കുന്നു .
" ഏട്ടാ കുട്ടികളെ ഒന്ന്‍ ഉണര്‍ത്തുമോ...?" "നീ തന്നെ ചെല്ലൂ .... ഞാന്‍ നോക്കിയാലോന്നും അവര്‍ എഴുന്നേല്‍ക്കില്ല .." പത്രത്തിലേക്ക് കണ്ണും കാതും നട്ട അദ്ദേഹത്തിന്‍റെ മറുപടി. ദോശ ചുടുന്നതിന്‍റെ ഇടയില്‍ കിടപ്പ് മുറിയിലേക്ക് പാഞ്ഞു. കരിഞ്ഞു പോകാതെ ഒന്ന്‍ നോക്കിയിരുന്നെങ്കില്‍ ...... ഞാന്‍ വെറുതെ ചിന്തിച്ചു . കുട്ടികളെ വിളിച്ചുണര്‍ത്തി തിരികെ വന്നപ്പോള്‍ .....
"എന്താ .... ഒരു കരിഞ്ഞ മണം..?"
പത്രത്തില്‍ നിന്നും മുഖമുയര്‍ത്താതെ ഭര്‍ത്താവ് . കരിഞ്ഞ ദോശ കല്ലില്‍ കിടന്ന്‍ എന്നെ നോക്കി പരിഹസിച്ചു . അപ്പോള്‍ കേള്‍ക്കാം കിടപ്പ് മുറിയില്‍ നിന്ന ഒരു ചിണുങ്ങല്‍... "അമ്മ വന്നാലേ ഞാന്‍ എഴുന്നേല്‍ക്കൂ ...." മകന്‍റെ സ്നേഹപ്രകടനം . ഇപ്പോഴും പത്രത്തിനു ഒരു അനക്കവും ഇല്ല . ഓരോ വരിയിലും റിസേര്‍ച്ച് നടക്കുകയാണ് . വൈകുന്നേരം വന്നിട്ട് ഓഫീസിലെ ചര്‍ച്ചകളെ പറ്റി ഒരു റിപ്പോര്‍ട്ടിംഗ് ഉണ്ട്; പ്രൊമോഷന്‍, അരിയര്‍, പേ റിവിഷന്‍ .....
മകള്‍ തനിയെ കുളിച്ചുകൊള്ളും. പക്ഷെ മകനെ കുളിപ്പിക്കാന്‍ നാലു പ്രാവശ്യം മുറികള്‍ക്ക് വലം വെക്കണം. പല്ല് വൃത്തിയാക്കലും കുളിപ്പിക്കലും കഴിയുമ്പോള്‍ ഞാന്‍ ഒരു മാരത്തോണ്‍ നടത്തിയതായി തോന്നും . അച്ഛനും മക്കളും പോയതിനു ശേഷമാണ് എന്‍റെ പ്രഭാത ഭക്ഷണം . ഭക്ഷണം ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കെ ഗേറ്റില്‍ ഒരു മുട്ട് കേള്‍ക്കാം. ഈ മാസത്തെ പത്ര ബില്ലോ കേബിള്‍ ബില്ലോ ആയിരിക്കും . അതോടെ കാപ്പികുടിയുടെ രസം തീര്‍ന്നു. ബാത്ത് റൂമിന്‍റെ അടുത്തേക്ക് ചെല്ലുമ്പോള്‍ സ്വാഗതം ചെയ്യുന്നത് കഴുകാനുള്ള തുണികളുടെ കൂമ്പാരം. 'തുണി നനച്ച് നടുവ് ഒടിയുന്നു' എന്ന് പറഞ്ഞാല്‍.; പഠിക്കേണ്ട കാലത്ത് പഠിക്കണമായിരുന്നു" എന്നാണു പ്രതികരണം . ജോലിയുള്ള സ്ത്രീകള്‍ മാത്രമേ വാഷിംഗ് മെഷീന്‍ ഉപയോഗിക്കാവൂ എന്നൊരു നിയമം ഏതു മാനുവലില്‍ ആണുള്ളത് ? മുറ്റം വൃത്തിയാക്കുന്നതും പാത്രം കഴുകുന്നതും ഒന്നും ജോലികളായി തോന്നുന്നില്ല ഉദ്യോഗസ്ഥരായ ഭര്‍ത്താക്കന്മാര്‍ക്ക്. മുറ്റം രാവിലെ തൂത്തിട്ടാല്‍ കാറ്റിനു അറിയില്ലല്ലോ ഇനിയും ഇലകള്‍ വീഴിക്കരുതെന്ന്‍...... വൈകുന്നേരം വരുമ്പോള്‍ അദ്ദേഹത്തിന്റെ കമന്റ് . "ഇന്ന് മുറ്റം പോലും തൂത്തുവാരിയ ലക്ഷണമില്ല ". ഈ പണി എല്ലാം കഴിയുമ്പോള്‍ സമയം 12 മണി . അതിനു ശേഷം വേണം അന്നത്തെ പത്രം ഒന്ന് കൈയ്യില്‍ എടുക്കുവാന്‍ . രാവിലെ റിസര്‍ച്ച് നടത്തിയ ആള്‍ അതിലെ പ്രധാന വാര്‍ത്തകള്‍ പോലും കമാന്ന് മിണ്ടുകയില്ല . 'നീ എന്തിനാണ് ഇതൊക്കെ അറിയുന്നത്' എന്ന ഭാവം. വീട്ടിനുള്ളില്‍ ഇരിപ്പാണ് എങ്കിലും ബിരുദാനന്തര ബിരുദമുള്ള എനിക്കും ലോക കാര്യങ്ങള്‍ അറിയേണ്ടെ?
ഉച്ചയൂണിനു ശേഷം അര മണിക്കൂര്‍ മയക്കം. മൂന്നരയാകുമ്പോഴെക്കും സ്കൂളില്‍ നിന്നു കുട്ടികള്‍ എത്തും . അതിനു മുന്‍പ് ചായ റെഡിയാകണം. മകന്‍റെ വരവ് വിശപ്പിന്റെ വിളിയുമായാണ് . കുട്ടികള്‍ കഴിച്ച പാത്രം കഴുകി അവരെ മേല്‍ കഴുകിക്കുംപോഴെക്ക് അദ്ദേഹം എത്തിക്കഴിയും. വീണ്ടും ചായ എടുക്കുന്ന തിരക്ക് . ഇതിനിടെ മകള്‍ക്ക് പരാതി , " അമ്മ മാത്രമെന്താ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാത്തത്"? തനിയെ ടൂവീലര്‍ ഓടിക്കുന്നതും കുട്ടികളെ സ്കൂളില്‍ നിന്ന കൊണ്ടുവരുന്നതും ഞാന്‍ പലപ്പോഴും പകല്‍ക്കിനാവ് കാണാറുണ്ട്" ഈ ജന്മം അമ്മയെക്കൊണ്ട് അതിനു കഴിയില്ല മോളെ .... നീ വെറുതെ മോഹിക്കണ്ട" അച്ഛന്‍റെ കമന്റ് . വൈകിട്ടുള്ള ചായയുടെ സമയത്ത്, പകല്‍ ഞാന്‍ വായിച്ച കഥകള്‍ എന്‍റെ ചിന്തകള്‍ , സ്വപ്നങ്ങള്‍ എല്ലാം പറയാന്‍ ഞാന്‍ ആഗ്രഹിക്കാറണ്ട് പക്ഷെ, എല്ലായ്പ്പോഴും പേ റിവിഷന്‍റെയും അരിയറിന്‍റെയും പെരുമഴക്കിടയില്‍ അവ ശ്വാസം മുട്ടി പിടയാറാണ് പതിവ്. അങ്ങനെ അവ എന്‍റെ ഉള്ളിലെ നാല് ചുവരുകള്‍ക്കുള്ളില്‍ എന്നെപ്പോലെ ഉറങ്ങുന്നു .
പകല്‍ മുഴുവന്‍ തനിച്ചിരിക്കുന്ന ഞാന്‍ വൈകുന്നേരമെങ്കിലും പുറത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ .... പലപ്പോഴും പക്ഷെ ആഗ്രഹം ഉള്ളില്‍ തന്നെ ഒതുക്കും . ഓഫീസ് മുഴുവന്‍ ശിരസ്സില്‍ ഏറ്റിയും വഴിയിലെ തിരക്കിനെ ശപിച്ചും ഉതിരുന്ന വാചകങ്ങള്‍ എന്‍റെ മോഹത്തിന് ഫുള്‍ സ്റ്റോപ്പ് ഇടും. എങ്കിലും നല്ല മൂഡ് ഉള്ള ദിവസങ്ങളില്‍ ഞങ്ങള്‍ പുറത്ത് പോകും .
വളരെ നേരം ടി .വി യുടെ മുന്നില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനെചൊല്ലി ഞാനും കുട്ടികളും തമ്മില്‍ വഴക്കും ദിവസേന ആവര്‍ത്തിക്കുന്നു. ഹോം വര്‍ക്ക് ചെയ്തോ, എത്ര വരെ പഠിപ്പിച്ചു ഇതൊന്നും ലൈബ്രറി പുസ്തകത്തില്‍ കണ്ണും നട്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ ചിന്താമണ്ഡലത്തില്‍ എത്തുന്ന വിഷയങ്ങളേ അല്ല . "അമ്മമാര്‍ പഠിപ്പിക്കുന്നതാണ് നല്ലത് " ഇതാണ് തത്വം . എന്നിട്ട് അദ്ദേഹത്തിന്‍റെ നാട്ടില്‍ അമ്മമാര്‍ പഠിപ്പിച്ചു മിടുക്കരാക്കിയ കുറെ കുട്ടികളുടെ കഥ പറയും . ഒരു തരത്തില്‍ മേല്‍ കഴുകിച്ച് രണ്ടു മക്കളെയും പഠിക്കാനിരുത്തി അത്താഴമൊരുക്കാനായി ഞാന്‍ അടുക്കളയില്‍ കയറുമ്പോഴേക്കും പഠന മുറിയില്‍ നിന്നും അലറിക്കരച്ചിലും വിളിയും കേള്‍ക്കാം. ഓടി ചെല്ലുമ്പോള്‍ ഒന്ന്‍ ഒന്നിന്‍റെ മുകളില്‍ ആയിരിക്കും . പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങരുതല്ലോ .... കേളന്‍ ഇതൊന്നും അറിയില്ല ...
അത്താഴം ചൂടോടെ തന്നെ വേണം . ഉച്ചയ്ക്ക് ഉണ്ടാക്കിയത് കൂടാതെ എന്തെങ്കിലും കറിയും .എനിക്ക് കൈകള്‍ നാലെണ്ണം ഉണ്ടായിരുന്നെങ്കില്‍ ! അത്താഴത്തിനു ശേഷം അടുക്കളയില്‍ എത്തുമ്പോഴാണ് സപ്തനാഡികളും തളരുന്നത് . പാത്രങ്ങളുടെ കൂമ്പാരം . എല്ലാം കഴുകി തീരുമ്പോഴേക്കും എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട സംഗീത പരിപാടി ടി .വി യില്‍ കഴിഞ്ഞിരിക്കും . പാത്രം കഴുകാതെ അത് കാണാമെന്നു വച്ചാല്‍ അവ മനസ്സില്‍ കലമ്പല്‍ കൂട്ടിക്കൊണ്ടിരിക്കും. പാത്രം കഴുകിത്തീരുന്നതിനു മുമ്പ് തന്നെ കിടപ്പുമുറിയില്‍ നിന്നും ഉറക്കത്തിന്‍റെ വിളികള്‍. ഉടനെ ബെഡ് വിരിക്കാന്‍ അങ്ങോട്ട് .... അവിടെ കിടപ്പിനെക്കുറിച്ചും തലയിണയെ കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ ..... എല്ലാം തീര്‍ത്തു അടുക്കളയില്‍ തിരിച്ചെത്തുമ്പോള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പാത്രങ്ങള്‍. ഒരു കൈ സഹായം പ്രതീക്ഷിച്ചിട്ടു കാര്യമില്ല . അതുകൊണ്ട് തുടങ്ങുകയായി ...........
കിടപ്പുമുറിയില്‍ അതിര്‍ത്തി തര്‍ക്കം . നനഞ്ഞ കൈകളുമായി അങ്ങോട്ട് . പുസ്തക വായന തടസ്സപ്പെട്ടതിന്‍റെ ഈര്‍ഷ്യ നിറഞ്ഞ നോട്ടം വായനാ മുറിയില്‍ നിന്ന് എന്‍റെ നേര്‍ക്ക്. മക്കളെ ഉറക്കാനായി അവരുടെ കൂടെ കിടക്കുന്നു .
വായനക്കാരന്‍ ബാത്ത് റൂമില്‍ കയറിയ ശബ്ദം. പിന്നാലെ കുറെ പിറുപിറുക്കലും. വൃത്തിയില്ല എന്നാണു പരാതി എന്ന് മനസ്സിലായി .പറയുന്ന ആളും എന്നും ബാത്ത് റൂം ഉപയോഗിക്കുന്നതല്ലേ ...? ഒരിക്കലെങ്കിലും ഒന്ന് വൃത്തിയാക്കിക്കൂടെ ..... ഏറെക്കാലം മുമ്പ് ഒരു ദിവസം അദ്ദേഹം അതൊന്നു വൃത്തിയാക്കി . അന്നത്തെ ആഘോഷം ഒന്ന് കാണേണ്ടതായിരുന്നു . മക്കളെ വിളിച്ച് ബാത്ത് റൂം കാണിക്കുന്നു , പിന്നെ പറയുന്നു" ഇതിനകത്ത് വേണമെങ്കില്‍ ഉറങ്ങാം അല്ലെ മക്കളെ ...." ഞാന്‍ അത് കേട്ട് ചോദിച്ചു " ഇത് ഏത് വാഷിംഗ് ലോഷന്‍റെ പരസ്യമാണ്?" ഞാന്‍ എത്രയൊക്കെ ക്ലീന്‍ ചെയ്താലും ഒരു ആഘോഷവും കാണാറില്ല. ചോദിച്ചാല്‍ "കണ്ടു , പറയണമെന്ന ഓര്‍ത്തു " പോലും !!
മക്കളുടെ കൂട്ടത്തില്‍ കിടക്കുമ്പോള്‍ നിദ്ര എന്നെ തലോടുമെങ്കിലും എന്‍റെ ചുമതല ഇനിയും ബാക്കിയാണ്. കണ്ണുകള്‍ വലിച്ചു തുറന്നു വീണ്ടും അടുക്കളയിലേക്ക് . അതെല്ലാം തീര്‍ത്തിട്ട് ഗേറ്റ് പൂട്ടിയോ എന്ന് നോക്കണം , ജനാലകളും വാതിലുകളും അടച്ചിട്ടുണ്ടോ എന്ന് നോക്കണം ........
ഇതിനിടയില്‍ മക്കള്‍ ഉറങ്ങിയോ എന്നറിയാന്‍ ബെഡ് റൂമില്‍ ഒന്ന് ലൈറ്റ് തെളിച്ചാല്‍ അപ്പോള്‍ കേള്‍ക്കാം "ഹോ ....ഒന്ന് ഉറങ്ങാം എന്ന് വച്ചാല്‍ അതിനും സമ്മതിക്കില്ല ..." രാത്രിയില്‍ ഉറക്കമില്ല എന്ന് പറയുന്ന ആള്‍ തന്നെയല്ലേ ഇത്! ഉള്ളില്‍ ചിരി വരും . ഓഫീസ് വിശേഷങ്ങളും ഉത്തരവാദിത്വത്തിന്‍റെ ഭാരങ്ങളും എല്ലാം എന്‍റെ ശിരസ്സിലേക്ക് വച്ചു തന്നിട്ട് അദ്ദേഹം നിദ്രയിലേക്ക് കടക്കും. എനിക്ക് ഇനിയുമുണ്ടല്ലോ ചിന്തിക്കാന്‍ കാര്യങ്ങള്‍! നാളെ കറികള്‍ എന്തൊക്കെയാവണം? കുട്ടികള്‍ക്ക് കൊടുത്തു വിടാന്‍ സ്നാക്സ് എന്ത് വേണം ? ഇങ്ങനെ പലതും ...... അവയിലൂടെ ക്രമേണ നിദ്രയിലേക്ക് .......നാളെ രാവിലെ അഞ്ചു മണിക്കുള്ള അലാമിനു വീണ്ടും കാതോര്‍ത്ത് ........

No comments:
Post a Comment